2008 സെപ്റ്റംബർ 25, വ്യാഴാഴ്‌ച

പെരുന്നാള്‍

മൈലാഞ്ചിയിലകള്‍
നീട്ടിയരച്ച്‌
കൈകളിലിടണമെന്നായിരുന്നു
കഴിഞ്ഞപെരുന്നാളിന്‌
അവളുടെ വാശി

പെരുന്നാള്‍രാവിന്‌
മടിയിലിരുത്തി
മൈലാഞ്ചിയിട്ടുകഴിയുമ്പോഴേക്കും
അവളുറങ്ങി

ഇത്തവണത്തെ
പെരുന്നാളാവുമ്പോഴേക്കും
മൈലാഞ്ചി തളിര്‍ത്തുവന്നിട്ടുണ്ട്‌,
അവളുടെ
കുഞ്ഞിക്കൈകളില്‍
നിറയെയിട്ടാലും
ബാക്കിയാവുന്നത്രയും

മൈലാഞ്ചിക്കൊമ്പുകള്‍തേടി
നടക്കുന്നതിന്നിടയിലാണ്‌
മൈലാഞ്ചിച്ചോരയില്‍
കുഞ്ഞിക്കാലുകള്‍ കുതിര്‍ന്നത്‌

ഇപ്പോള്‍
കൈകളില്‍മാത്രമല്ല
മൈലാഞ്ചിച്ചെടികള്‍ക്കു
നടുവിലാണവള്‍

പായാരം

ചെറുവിരലുകള്‍
ചേര്‍ത്തുവെച്ച്‌
അരികത്തിരുന്ന
പകലുകള്‍

മതില്‍പ്പായലിന്റെ
പച്ചക്കൊളുത്തുകള്‍കൊണ്ട്‌
സ്വപ്‌നങ്ങള്‍ നെയ്‌ത
കുട്ടിക്കാലം കണക്കെ

അന്ന്‌
നിന്റെ
കൊളുത്തുകള്‍ക്കായിരുന്നു
ശക്തിമുഴുക്കെ

ചൂണ്ടുവിരല്‍
കൊരുക്കുന്നതിനു പകരം
നമ്മള്‍കൊളുത്തിട്ട
ചെറുവിരലുകള്‍
എത്രവേഗമാണ്‌
അഴിഞ്ഞുപൊവുന്നത്‌

കൊളുത്തുകള്‍
ചെറുവിരലുകൊണ്ടാകയാല്‍
അഴിഞ്ഞുപോയാലും
വീഴ്‌ചകള്‍ക്ക്‌
അത്രമേലാഘാതമില്ല.

2008 സെപ്റ്റംബർ 10, ബുധനാഴ്‌ച

വരുമോയെന്ന്

സംശയമുള്ളവയെ മാത്രമേ

കാത്തിരിക്കേണ്ടതുള്ളൂ

പോകുമോയെന്ന്

സംശയമുള്ളവയെമാത്രമേ

പിടിച്ചുവെക്കേണ്ടതുള്ളൂ

ഉറപ്പായും സംഭവിക്കുമെന്നതിനെ

കാത്തിരിക്കുന്നതുംപിടിച്ചുവെക്കുന്നതും

വിഡ്ഢിയുടെ പ്രതീക്ഷകള്‍

തൊട്ടില്‍ തികയാതെ വന്നപ്പോള്‍

കിടക്കതന്നെ നല്‍കി

കിടക്കയും കവിഞ്ഞപ്പോള്‍

അടുക്കള

പുറത്തുവിട്ടുനോക്കി,

അന്തിക്കുമുന്‍പെത്തണം-

കല്‍പനയില്‍ കാലമിരുണ്ടു,

അടുക്കള തികയാതെയായി.

അങ്ങാടിയിലെ

തട്ടിമുഹമ്മദാണു പറഞ്ഞത്‌,

പുരനിറഞ്ഞെങ്കില്‍

‍പുതിയൊരു വീട്ടിലാക്കാമെന്ന്

പുതിയ വീടുനല്‍കിയിട്ടും

മുതുകത്തെ പാടുമായുന്നില്ല

പഴയവീടുനിറച്ചുമിപ്പോള്‍

പടിയിറക്കിയ പെണ്ണിന്റെ

നിറയാത്ത അടുക്കളെയെപ്പറ്റിയാണ്‍പരിഭവം.

ഇടവഴികള്‍

എത്ര നടന്നാലും മടുക്കാത്ത

കണ്ടാലും കണ്ടാലും പുതുമ തോന്നുന്ന

നാളെയുടെ ശുഭപ്രതീക്ഷകള്‍ നിറഞ്ഞ

ഇടവഴികള്‍

കിന്നാരം പറഞ്ഞു നടന്ന വഴി

ക്ലാസ്സിലെ കൂട്ടുകാരിക്കൊപ്പം

ഒന്നും മിണ്ടാതെ

തലയും താഴ്ത്തിനടന്ന വഴി

ഏകാന്തതയില്‍

കണക്കുകൂട്ടി,കിഴിച്ചുപഠിച്ച വഴി

കൂട്ടുകാര്‍ക്കൊപ്പം

സൈക്കിള്‍ ചവിട്ടിപ്പഠിച്ച വഴി

മഴക്കാലത്ത്‌ തോര്‍ത്തുനിവര്‍ത്തി

മീന്‍പിടുത്തം പഠിച്ച വഴി

അമ്പലത്തിലേക്ക്‌

രക്ഷസ്സുകള്‍നടന്നുപോവുമെന്നുപറഞ്ഞ്‌

അമ്മ പേടിപ്പിച്ച വഴി

കിനാവുകള്‍ക്കൊപ്പം

മതില്‍പ്പച്ച പറിച്ചുനടന്ന ഇടവഴി

എന്റെ വളര്‍ച്ചയുടെ സാക്ഷി

ഇപ്പോള്‍ വീതികൂട്ടി ടാറിട്ടിരിക്കുന്നു

എന്നിട്ടുംഇടയിലൊക്കെ

കല്‍ക്കഷ്ണങ്ങളുയര്‍ന്നുനില്‍ക്കുന്നുണ്ട്‌,മുറിപ്പെടുത്താന്‍.

അര്‍ത്ഥം തേടി അലയുന്നവര്‍

"പ്രണയത്തിനു ഇടവഴികളുണ്ടോ?"അനുപമ ചോദ്യം കേട്ടിട്ടില്ലെന്നതുകൊണ്ടാവാം പ്രവീണ്‍ ഒന്നുകൂടെ ആവര്‍ത്തിചത്‌. "ഇടവഴികളുള്ള പ്രണയത്തെയാണു നമുക്കൊക്കെ പരിചയം. വിവാഹത്തോടെ ദേശീയപാതയിലെത്തും". ദേശീയപാതയില്‍നിന്നും ഏതോ വാഹനത്തിന്റെ ഹോണ്‍ മുഴങ്ങി. ആനുപമ ഫോണ്‍ എടുത്തുനോക്കി.ട്രാഫിക്‌ പൊലിസാണ്‍. ചെവിയില്‍ സിനുട്ടി പാടുന്നു: 'നാലും കൂടിയ കവലകളില്‍ കഥകളിയാശാന്‍ നില്‍ക്കുന്നു.' 'ഹലോ''എപ്പോ തീരും?''ഒരു മണിക്കൂര്‍''ഞാന്‍ സ്റ്റോപ്പില്‍ കാണും'ഫോണ്‍ വെച്ചു കഴിഞ്ഞപ്പോള്‍ അനുപമ പ്രവീണിനെ നോക്കി.അവന്‍ അവളുടെ മുഖത്തേക്കു തന്നെ നോക്കുകയാണ്‍.'എന്തൊരു ശ്രദ്ധ''കൂട്ടിമുട്ടിയാ സസ്പെന്‍ഷനാവും'അനുപമ പുസ്തകത്തിലേക്കു മുഖം പൂഴ്ത്തി.ഇന്റര്‍വെല്ലിന്റെ ബഹളമാണു ചുറ്റും. അടുത്ത ഒരു മണിക്കൂര്‍ കൂടി. കോളെജ്‌ അടക്കുകയാണു. പുറത്തേക്കുള്ള അവസാനത്തെ വഴിയിലും കോടവന്നു മൂടുന്നു. പ്രവീണിന്റെ ഇടവഴികളെക്കുറിച്ച്‌ അവള്‍ ഓര്‍ത്തുനോക്കി. 18വയസ്സിന്റെ തീഷ്ണത. കഴിഞ്ഞ ദിവസം മലയാളത്തിന്റെ മാഷുപറഞ്ഞ എലിക്കൂടുകളുടെ കൊടുംചതി.പാവം എലിയെക്കുറിച്ച്‌ ഓര്‍ത്തുപോയി. ജീവിതത്തിന്റെ നൂലിഴകളിലൂടെ അഭ്യാസം ചെയ്തുപോവുന്ന മലയാളം ക്ലാസ്സുകള്‍. ഭര്‍ത്താവിനെ കാത്തിരിക്കുന്ന രാത്രികളിലൊന്നിലാണു ഒരു മെസ്സേജയക്കാന്‍ അവള്‍ക്കു തോന്നിയത്‌. 'ഉമ്മാച്ചുവിന്റെ മായിനു പ്രാക്ടിക്കലായിക്കൂടായിരുന്നോ?''പൂക്കളുണ്ടാവാത്ത ചെടികള്‍ എന്തിനാണു കാവല്‍നില്‍ക്കുന്നതെന്ന്‌ കല്ലറകള്‍ ഉമ്മാച്ചുവിനോടും ചോദിച്ചിരുന്നു.'എന്നാണു മറുപടിയായി അവള്‍ക്കു മുന്നില്‍ അക്ഷരങ്ങള്‍ ചിരിച്ചുനിന്നത്‌. അര്‍ഥമറിയാമായിരുന്നതുകൊണ്ടാവണം, അനുപമ പിന്നെയുമെന്തൊക്കെയൊ ചോദിച്ചത്‌.ഇന്‍ബോക്സിനകത്തുകടക്കാനാവതെ വിഷമിക്കുന്ന സന്ദേശങ്ങള്‍ക്കുവേണ്ടി എത്രയോ രാവുകളില്‍ ഉറക്കമിളച്ച്‌ ശബ്ദമുണ്ടക്കാതെ അനുപമ വിരലുകള്‍ ചലിപ്പിച്ചു.കിനാവുകള്‍ക്ക്‌ പണ്ടത്തെ തിളക്കം കൈവന്നതായി അവള്‍ക്കു തോന്നി. മഴപെയ്തുകൊണ്ടിരുന്ന പകലുകളില്‍ ഇറയത്തുനിന്നു വീഴുന്ന വെള്ളത്തുള്ളികള്‍ കൈവെള്ളയിലെടുത്ത്‌ അമ്മാനമാടിയ പൂത്തുനിന്ന കാലങ്ങള്‍. അമ്മാവന്റെ കല്യാണത്തിന്റെ അഘോഷം നിറഞ്ഞ നിറം കൂടിയ രാത്രികള്‍, കണ്ടുമുട്ടലുകള്‍, കലാപങ്ങള്‍, ഒത്തുതീര്‍പ്പുകള്‍. അറിവില്ലായ്മകളായിറുന്നു. പഠനത്തിന്റെ വെറുങ്ങലിച്ച പാഠങ്ങളില്‍ ഇതുപോലൊരു മലയാളം മാഷില്ലാതിരുന്നത്‌ എന്തുകൊണ്ടെന്നവള്‍ പലതവണ ഓര്‍ത്തുനോക്കിയിട്ടുണ്ട്‌. ചിന്തിക്കുംതോറും മലയാളം ഒരു രണ്ടാം ഭാഷയല്ലാതാവുകയും അജീഷ്‌ മാഷ്‌ മാഷല്ലാതാവുകയും ചെയ്യുന്നതായി അവള്‍ക്കു തോന്നി.ജീവിതം കണക്കെ വളവും തിരിവും ചുഴികളുമായി മലയാളം നിവര്‍ന്നുകിടക്കുകയാണ്‍. പിടികിട്ടാത്ത സംസ്കൃതത്തിന്റെ ഇഴപിരിയലുകള്‍, കടലുപോലെ വ്യാകരണം, എത്തിപ്പിടിക്കാനോ കൈയ്യിലൊതുക്കനോ കഴിയാത്തവിധത്തില്‍ സന്ധികളും അലങ്കാരങ്ങല്‍ളും. മലയാളം മലകണക്കു വളരുകയാണ്‍., മഴകണക്കു പെയ്യുകയാണ്‍. അവള്‍ നിന്നുകൊണ്ടു, സ്വയം മറന്ന്‌. ഒരു മണിക്കൂറുകൂടി കഴിഞ്ഞാല്‍..ബെല്ലടിച്ചു. ഇന്റര്‍ബെല്ലിന്റെ ബഹളം നിലച്ചു. ഒരോരുത്തരായി വീണ്ടും കടന്നുവന്നു. ഈ പിരീഡ്‌ മലവെള്ളത്തിന്റെ കുത്തൊഴുക്കാണ്‍. ഇടവഴികള്‍ക്കു നിയന്ത്രിക്കാനാവാത്തവിധം കല്ലും മരങ്ങളും കുത്തിയൊലിച്ചുവരുന്ന മലവെള്ളപ്പാച്ചില്‍. എങ്ങിനെ മുഖത്തുനോക്കും? ഇല്ല.കഴിയില്ല. അശക്തയാണ്‍., അനുപമക്കു തോന്നി. തല പുസ്തകത്തിലേക്കുതന്നെ പൂഴ്തി. ആരോ വാതില്‍ കടന്നു വന്നു. കൂട്ടുകാരൊക്കെ ചടുലമായി ചാടിയെണീറ്റു. മലവെള്ളമല്ല. എഴുനേറ്റുനില്‍ക്കാന്‍ പാടില്ലെന്നു അദ്യമായിതന്നെ നിഷ്കര്‍ഷിച്ചതാണ്‍. പിന്നെ? പ്രിന്‍സിപ്പലാണ്‍.'സാര്‍ വരില്ല.ഇന്നു ലീവണെന്നു പറഞ്ഞിട്ടുണ്ട്‌. പിന്നെ നിങ്ങള്‍ക്ക്‌ ഒരു ബെസ്റ്റ്‌ വിഷെസ്‌ തരാനും പറഞ്ഞു.ഇനി ക്ലാസില്ല. ബെസ്റ്റ്‌ ഓഫ്‌ ലക്ക്‌ ഇന്‍ ഏക്സാംസ്‌'അനുപമ മൊബെയിലെടുത്തു. ആദ്യം ഒരു മെസ്സേജ്‌:'ബെസ്റ്റ്‌ വിഷെസ്‌ വെറുങ്ങലിച്ച്‌ ഡെസ്കില്‍ കിടക്കുന്നുണ്ട്‌.ചീഞ്ഞുമണക്കുന്നതിന്നു മുന്‍പ്‌ എടുത്തുകൊണ്ടുപോവാം'പിന്നെ വിളിച്ചു.'ക്ലാസ്സ്‌ നേരത്തെ കഴിഞ്ഞു. പോവാം'ഓകെ.ഞാന്‍ ഇവിടെത്തന്നെയുണ്ട്‌.'നിന്നിടത്തുതന്നനങ്ങാതെനില്‍ക്കുന്ന അയാള്‍ക്കരികിലേക്ക്‌ അനുമപമ പതിയെ നടന്നു.