2011, മാർച്ച് 24, വ്യാഴാഴ്‌ച

4ചിതല്‍ വാക്കുകള്‍

1

കുതറി മാറിയും

ചീഞ്ഞുനാറിയും

വഴിനീളെ

സ്വപ്നങ്ങളുണ്ട്‌,പ്രണയങ്ങളും.

2

ഏറുമാടങ്ങളില്‍

പൂവില്ല, ചെടികളൂം

ദീര്‍ഘനിശ്വാസതിണ്റ്റെ

മിടിപ്പുകള്‍ മാത്രം

3

ഇവിടെയീപാത്രത്തി-

ലൊരുവറ്റുമാത്രം

അതെനിക്കെനിക്കെന്നു

വാശിപിടിക്കാനാളില്ലയെങ്കി-

ലെന്തു രുചി, എന്തു മധുരം?

ഒറ്റയാം വറ്റിലൊട്ടുമേ

ഉപ്പില്ല

രുചിയുമില്ലാര്‍ക്കുവേണം!

4

കാട്‌

എന്തൊക്കെ സഹിക്കണം

മദമിളകിയ ആനകള്‍

വിഷം ചീറ്റുന്ന പാമ്പുകള്‍

കൂര്‍ത്ത പല്ലുള്ള,

പേ പിടിച്ച മൃഗങ്ങള്‍

ഉരുള്‍പൊട്ടല്‍.....

കാട്‌

എണ്റ്റെ അമ്മയാണ്‍

ശരിയല്ല,

കാട്‌ അമ്മയാണ്‍.

കുറുവ

കുറുവ ദ്വീപില്‍ പോയിരുന്നു
സൂക്ഷിച്ചുവേണം നടക്കാന്‍
തെളിനീരിനു കീഴില്‍
കരിമ്പാറകളാണു
വഴുതിയാല്‍ കഴിഞ്ഞു,
പ്രണയം പോലെ.

2010, ജനുവരി 5, ചൊവ്വാഴ്ച

അദ്ധ്യാപകരുടെ മുറി










ഉറങ്ങുന്നതിന്റെ


ചിട്ടവട്ടങ്ങളെല്ലാം


അര്ത്ഥശൂന്യമെന്നറിയാന്‍


അദ്ധ്യാപകരുടെ മുറിവരെ പോകണം



കുട്ടികളെയൊക്കെ


ഡസ്കിലടിച്ചുണര്‍ത്തുന്നതിന്റെ


ക്ഷീണമെത്രയെന്നറിയാൻ


അദ്ധ്യാപകരുടെ മുറിവരെ പോകണം




സൺഷൈഡിന്റെ തണലുപറ്റി


കുട്ടികളെ അസ്സംബ്ലിയിലാക്കുന്നതിന്റെ


പങ്കപ്പാടറിയണമെങ്കിൽ


അദ്ധ്യാപകരുടെ മുറിവരെ പോകണം




ഒറ്റമൂത്രപ്പുരക്കു മുന്നിൽ


തിക്കുംതിരക്കും കൂടുന്നവരെ


അടക്കിനിർത്തുന്ന വേദനയറിയാൻ


അദ്ധ്യാപകരുടെ മുറിവരെ പോകണം




സർക്കാറിന്റെ കഞ്ഞിയും പയറും


വിളമ്പിത്തീക്കുന്നതിന്റെ


പരിശ്രമഫലമറിയണമെങ്കിൽ


അദ്ധ്യാപകരുടെ മുറിവരെ പോകണം




അദ്ധ്യാപകരുടെ മുറി


ഒരു ചരിത്രരേഖയാണു


ഇഴകീറി പരിശോധിക്കേണ്ട


ചരിത്രപുസ്തകം




ഏതു കമ്പനിയുടെ


എത്ര ഗൈഡുകൾ വിറ്റാൽ


പാൽക്കാരനുള്ള പണമെങ്കിലുമാവുമെന്ന


കണക്കുകൂട്ടലുകൾ




സാമ്പത്തിക സ്വാതന്ത്ര്യം വഴി


സ്ത്രീ സ്വാതന്ത്ര്യമുയരുമെന്നതിന്റെ


ജീവിക്കുന്ന രക്ത്സാക്ഷികളുടെ


നിലവിട്ട മയക്കങ്ങൾ




ധാർമ്മികതക്ക്‌ ഇഴഭംഗം വന്ന


അവസാന ബെഞ്ചുക്കാരിൽനിന്ന്


എങ്ങിനീ മാനം കാക്കുമെന്ന


ഭയപ്പാടുകൾ




അദ്ധ്യാപകരുടെ മുറി


വേവലാതികളുടെ കലവറയാണ്‌

2010, ജനുവരി 3, ഞായറാഴ്‌ച

നടുവേദന




നടുമുള്ളു വേദന


പെയിൻ ബാം പുരട്ടാം


എത്ര പുരട്ടിയതാ


എന്താണിതിങ്ങനെ,മാറാത്തത്‌


തിരുമ്പിയിട്ടാവും, കുമ്പിട്ടതല്ലേ


അതിനുമാത്രം എന്താണിത്ര


...................................


നാലു തുണിയും ഒരു ഷർട്ടും


...................................


......................................


വേദനക്ക്‌ കുറച്ച്‌ സുഖം തോന്നുന്നുണ്ട്‌


വെറുതെ ഒരോരോ തോന്നലുകൾ

2009, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

പെരുന്നാക്കോള്‌

മുറിയില്‍ നേരത്തേ വെളിച്ചം വന്നതിന്റെ കാരണം അന്വേഷിച്ചാണ്‌ വല്യുപ്പ കണ്ണുതുറന്നത്‌.'നേരായോ മോളേ''വാപ്പാ പെരുന്നാളാണ്‌ന്ന്‌''ഓ. അതൊക്കായോ'നിര്‍വികാരത. പിന്നെ ആരുമൊന്നും പറഞ്ഞില്ല. അല്ലെങ്കിലും ആരുമൊന്നും മിണ്ടാത്ത സമയങ്ങളാണ്‌ കഴിഞ്ഞ ഏഴുവര്‍ഷമായിട്ട്‌ ആ വീട്ടില്‍ ഏറ്റവുമധികം ഉണ്ടാവാറ്‌.വല്യുപ്പ വടികുത്തി പതുക്കെ എഴുനേറ്റു. കഴിഞ്ഞ വരവിന്‌ വാപ്പക്കിനി ആവില്ലെന്നു നിശ്ചയിച്ച്‌ മകന്‍ പണിതിട്ട അകത്തെ ബാത്ത്‌ റൂം കഴിഞ്ഞ വേനലിലാണ്‌ മുതലായത്‌. വേനലിലാണ്‌ പിന്നാമ്പുറത്തെ പടിയില്‍നിന്നു താഴേക്കുവീണത്‌. തുടയെല്ലുപൊട്ടി നാലുമാസം. പൊട്ടിയകാലുമായി ചാടിയെഴുനേല്‍ക്കാന്‍ ശ്രമിച്ചതുകൊണ്ട്‌ അന്ന്‌ ഒരുപാടുപേരുണ്ടായിരുന്നു, പിടിച്ചുകിടത്താന്‍. എന്തൊരൊച്ചയും ബഹളവുമായിരുന്നു.ബക്കറ്റുനിറയെ ചൂടുവെള്ളമുണ്ട്‌. പതിയെ കുളിച്ചു. തോര്‍ത്തി പുറത്തുകടന്നപ്പോള്‍ കിടക്കയില്‍ പുതിയ മുണ്ടും ഷര്‍ട്ടും. ആരുടെ വകയാണെന്നറിയാന്‍ ആഗ്രഹം തോന്നിയെങ്കിലും ചോദിക്കാന്‍പോയില്ല,മറുപടി ഇന്നത്തെ ദിവസത്തെത്തന്നെ നശിപ്പിച്ചുകളഞ്ഞേക്കും. മക്കളും പേരക്കുട്ടികളും പള്ളിയില്‍പോവാനുള്ള തിരക്കിലാണ്‌. അല്‌പമൊരാവതുണ്ടായിരുന്നെങ്കില്‍ പള്ളിയിലെങ്കിലും പോവാമായിരുന്നു. മക്കള്‍ രണ്ടുപേരും ഒന്നും മിണ്ടാതെ പോയി.പേരക്കുട്ടികളെങ്കിലും മിണ്ടുമെന്നു കരുതി, അതും തെറ്റി. പെരുന്നാള്‍കോളെങ്കിലും തരാന്‍പറ്റാത്ത കിളവനോടെന്തു മിണ്ടാന്‍. വല്യുപ്പക്കു ചിരിവന്നു. അവരൊക്കെ തിരിച്ചുവരാന്‍ പത്തുമണിയാവും. അതുവരെ ഈ മുറിതന്നെ ശരണം. അവരുവന്നിട്ടൊന്നുമുണ്ടായിട്ടല്ല, അവരുടെ ഒച്ചകേട്ടു കിടക്കാമല്ലോ, അത്രമാത്രം. മക്കളെയും പ്രതീക്ഷിച്ചിരിക്കുന്നതിനിടക്ക്‌ ആരുടെയോ ഒച്ചകേട്ടു മെല്ലെ വടിയെടുത്തു ഇറങ്ങിനോക്കി. മൂന്നുപേരുണ്ട്‌.'വായിച്ചിക്കു മനസ്സിലായോ?''എങ്ങനെ മനസ്സിലാവാനാ''നല്ലോണം നോക്ക്യോക്കി'ആരാ?''ഇത്‌ കുഞ്ഞാവ്യാണ്‌,മടത്തുംപറമ്പിലെ''ആ.'വല്യുപ്പാക്ക്‌ വളരെ പഴയതല്ലാത്ത ഒരോര്‍മ്മ വരുന്നുണ്ട്‌. കിടന്നകിടപ്പില്‍ എഴുനേറ്റ്‌ ഓടാന്‍നോക്കുമ്പോള്‍ ഉയരാനനുവദിക്കാതെ പിടിച്ചുകിടത്തുന്ന ബലിഷ്‌ഠമായ കൈകള്‍.ഇനിയുമൊരു നോട്ടത്തിനു ശക്തിയില്ല.'ഇതോ''ഇതൊക്കെ ഓന്റെ അന്‍ജന്‍മാരാ, ങ്ങക്കറ്യോ'ഇല്ല, അത്ര ബലിഷ്‌ഠമായ കൈകളൊന്നും ഓര്‍മ്മയിലില്ല'കണ്ണ്‌ തീരെ പിടിക്ക്‌ണില്ല, എന്നാലത്രെ്യാന്നും ബയസ്സൂല്ല്യ,ട്ടോ''എത്രണ്ടാവും'ബലിഷ്‌ഠമായ കൈകള്‍'ഒര്‌്‌ ഇരുപത്ത്‌ഞ്ച്‌, മുപ്പത്‌്‌'കൂട്ടച്ചിരി.'ഇവനെത്രണ്ടാവും'നടുവില്‍ കസാരയിലിരിക്കുന്നവനെ ചൂണ്ടിയാണു ചോദിച്ചതെന്നു തോന്നുന്നു.'അത്‌ ഇച്ചിര്യൊന്നുണ്ടാവില്ല, ഇരുപതോ ഇരുപത്രണ്ടോക്കെണ്ടാവൂ'വീണ്ടും കൂട്ടച്ചിരിനിര്‍വികാരത. ഇത്രയധികം ആളുകളുണ്ടായിട്ടും എന്തൊരു നിശ്ശബ്ദത. മരുമകളുണ്ടാക്കിയ പായസം അവരങ്ങിനെ കുടിക്കുന്ന ശബ്ദംമാത്രം.'എന്നാപ്പിന്നെ ഞങ്ങളിറങ്ങട്ടെ''ശരി'അവളാണ്‌. അടുക്കളയില്‍ തിരക്കുകാണും.അവരിറങ്ങി. ബലിഷ്‌ഠമായ കൈകള്‍ പതുക്കെ കൈകളില്‍ പിടിച്ചു.'പോട്ടെ'കൈകളില്‍ ഇറുകുന്ന നോട്ടുകളുടെ ശബ്ദം.അവരിറങ്ങി.പടികളിറങ്ങി അവര്‍പോകുന്നതും നോക്കി വല്യുപ്പ നിന്നു, പിന്നെ പതുക്കെ അകത്തെ കട്ടിലിലേക്കു നീങ്ങി.ഇനി അടുത്ത പെരുന്നാളിന്‌. ആരൊക്കെ വരുമെന്നറിയില്ല.പെരുന്നാളുകളും കൂടിയില്ലായിരുന്നെങ്കില്‍...വല്യുപ്പ പതുക്കെ കട്ടിലിലേക്കു ചരിഞ്ഞു.

2008, നവംബർ 5, ബുധനാഴ്‌ച

അകല്‍ച്ച

ശവത്തിന്റെമുഖം മൂടുന്നപോലെ
ബന്ധങ്ങള്‍ക്ക്‌
കാഴ്ചകളെ നല്‍കാതിരിക്കാമെന്ന്
നീയാണെന്നെ പഠിപ്പിച്ചത്‌

സ്കൂളിലേക്കുള്ള വഴിയില്‍
പറിച്ചെടുത്ത്‌ ബാഗിലിടുന്ന
മഷിത്തണ്ടുപോലെയാണ്‍ബന്ധങ്ങളെന്നും
നീയാണെന്നെ പഠിപ്പിച്ചത്‌

അരികത്തുനിന്ന്
എത്രയോപേ
ര്‍കൊഞ്ഞനംകുത്തിയിട്ടും
തൊട്ടാവാടികള്‍ ചുണ്ടുപൂട്ടാറില്ലെന്ന്
എന്റെ ആദ്യപാഠം

കൊളുത്തുപൊട്ടുന്ന
മതില്‍പ്പച്ചയും
പിരിഞ്ഞകലുന്ന
ചെറുവിരലുകളും
പുതിയ പാഠത്തിന്റെ നോവ്‌

ചിതല്‍പ്പുറ്റു കവര്‍ന്ന
മരത്തടികണക്കെ
സ്വയമറിയാതെ അടര്‍ന്ന്
വഴുതിവഴുതിപ്പോവുന്നതായിരുന്നു
സുഖമുള്ള വേദന.

2008, നവംബർ 1, ശനിയാഴ്‌ച

പട്ടം പറത്താത്തവന്

‍വസീര്‍ അക്‌ബര്‍ഖാനിലെ ഹസ്സനും അമീര്‍ഖാനുമാണിപ്പോള്‍ മനസ്സുനിറയെ. കാബൂളില്‍ പെയ്‌തുതോര്‍ന്ന മഴയും മഞ്ഞും കഴിയുമ്പോള്‍ മനസ്സുനിറയെ ശൂന്യത. നിറഞ്ഞുനില്‍ക്കുന്ന, പുറത്തേക്കൊഴുകാന്‍ വെമ്പുന്ന, ശൂന്യത. കുഞ്ഞുകാലത്തെക്കുറിച്ച്‌ പടര്‍ന്നുകിടക്കുന്ന അമീറിന്റെ ഓര്‍മ്മകളുടെ പച്ചപ്പ ്‌- അസൂയ തോന്നുന്നു. ഓര്‍ത്തെടുക്കാനും ഒരുക്കിവെക്കാനും പകര്‍ന്നുനല്‍കാനും എന്റേതെന്ന്‌ സ്വന്തമായുള്ള കുട്ടിക്കാലം. മഞ്‌ജുവിന്റെ മൊബൈലിലേക്കുവിളിച്ചാല്‍ കേള്‍ക്കുന്ന ശബ്ദം: 'കയ്യെത്തുംദൂരെ ഒരു കുട്ടിക്കാലം, മഴവെള്ളം പോലെ ഒരു കുട്ടിക്കാലം....' എന്റെ ശൂന്യതയെക്കുറിച്ച്‌ ഓര്‍ത്തുപോയി. കുട്ടിക്കാലം കയ്യെത്താത്ത ദൂരെ. പക്ഷെ, ചിലതൊക്കെ പതിയെ തെളിഞ്ഞുവരുന്നുണ്ട്‌.ചിത്രങ്ങള്‍ക്കു കൃത്യതനല്‍കി പേജുകളില്‍ ഭംഗിയായി അടുക്കിവയ്‌ക്കുന്നതിനിടയില്‍ അര്‍മാന്‍ക്ക പറഞ്ഞത്‌ (അയാളെ ഞങ്ങള്‍ അങ്ങനെ വിളിച്ചു ശീലമായി. യോഗിയുടെ ഭാവം. സൂഫിയുടെ ചലനം - അബ്‌്‌ദുറഹിമാന്‍) പാതിരാത്രിയില്‍ പെയ്യുന്ന മഴയെക്കുറിച്ചു വേവലാതിയായിരുന്നു കുട്ടിക്കാലമെന്ന്‌. വെള്ളം ഇറ്റുവീഴുന്നിടത്തു നിന്നും മാറിമാറിക്കിടന്നു സ്ഥലം തികയാതെ വന്ന കുട്ടിക്കാലത്തെക്കുറിച്ച്‌.അമീര്‍ ആഗാ... നീയെങ്ങനെയാണു മാലയിലെ മുത്തുകള്‍ പോലെ ഓര്‍മകളെ ഇത്രയും ഭംഗിയില്‍ ഒതുക്കിക്കൊരുത്തുവച്ചത്‌? ഭാവന കൂടിക്കലര്‍ന്നിരിക്കാം. എങ്കിലും ചോപ്ലാര്‍ മരങ്ങള്‍ക്കു മുകളില്‍ കാലുകള്‍ തൂക്കിയിട്ടിരുന്ന്‌ ബദാം കൊറിച്ചുകൊണ്ടു നീയും ഹസ്സനും പരസ്‌പരം കണ്ണാടിയിലെ വെയില്‍ പ്രതിഫലിപ്പിച്ച്‌ അയല്‍പക്കത്തെ വീടുകളിലേക്കടിച്ചു കളിച്ച പ്രായത്തെക്കുറിച്ച ഓര്‍മകള്‍. ഓര്‍ത്തെടുക്കാന്‍ അങ്ങനെയൊന്ന്‌?. പിറന്നുവീണത്‌ കോഴിക്കോടിന്റെ ആശുപത്രിയിലായിരുന്നെങ്കിലും ബാപ്പയുടെ ജോലിസ്ഥലമായ തൃശൂരില്‍, ഗവ. എഞ്ചിനീയറിങ്‌ കോളജിന്റെ ക്വാര്‍ട്ടേഴ്‌സില്‍ വളര്‍ന്നതിന്റെ നനുത്ത ഓര്‍മകള്‍. നിന്നെപ്പോലെ ചോപ്ലാര്‍മരങ്ങള്‍ക്കു മുകളില്‍ ഞങ്ങള്‍ക്കിവിടെ വളരാനാവില്ലല്ലോ. വളര്‍ന്നത്‌ ഞാവല്‍മരങ്ങള്‍ക്കിടയിലായിരുന്നു. നിലത്തുവീണ പഴങ്ങള്‍ മണ്ണുനീക്കി കഴിച്ചതിന്റെ ഓര്‍മകളുണ്ട്‌. വായ നീലിച്ചുവരുന്നതിന്റെ ഓര്‍മകള്‍. പിന്നെ ജി 2/6ന്റെ അരികത്തുകൂടെയൊഴുകുന്ന കനാലില്‍ നീന്തിക്കളിച്ചതിന്റെ ഓര്‍മകള്‍. ഇല്ല, നീന്തിക്കളിച്ചുവെന്നു പറയാനാവില്ല. പഠിച്ചാല്‍ മറക്കാത്ത കലയാണു നീന്തലെന്നു വളര്‍ന്നപ്പോള്‍ ആരൊക്കെയോ പറഞ്ഞു തന്നിട്ടുണ്ട്‌. അന്നു നീന്തിക്കുളിച്ചിരുന്നെങ്കില്‍ ഇന്നുമതിനു കഴിയേണ്ടതാണ്‌. പക്ഷേ, നീന്താനെനിക്കുമിപ്പോഴുമറിയില്
ല. നാടോടികളായ കോച്ചികളുടെ പിന്നാലെ ഒച്ചവച്ചോടിയത്‌ അമീര്‍ജാന്റെ നാട്‌ അങ്ങനെയായതുകൊണ്ടും അവന്റെ ബാബ നാട്ടിലെ ആരൊക്കെയോ ആയിരുന്നതുകൊണ്ടുമാണ്‌ എന്നു വിശ്വസിക്കാനാണിഷ്ടം. നാടോടികളെ കാണുമ്പം എനിക്കു അന്നേ മനസ്സില്‍ വേദന തോന്നിയിരുന്നു, പിന്നെ പേടിയും. അതുകൊണ്ട്‌ അവരെ അകന്നു നടക്കാറായിരുന്നു പതിവ്‌. ഞങ്ങളിവിടെ തുമ്പികളെക്കൊണ്ട്‌ കല്ലെടുപ്പിക്കുകയും കൊതുകിനെ പിടിച്ച്‌ ചിറകുകള്‍ പറിച്ച്‌ അവയുടെ ദുരവസ്ഥ കണ്ട്‌ ആനന്ദിക്കുകയും ചെയ്‌തിരുന്നപ്പോള്‍, നിങ്ങളവിടെ തേനീച്ചകളെ പിടിച്ച്‌ അതിന്റെ കൊമ്പുകള്‍ പറിച്ചു കളഞ്ഞ്‌ പുറത്തു കല്ലുകെട്ടിവച്ച്‌ പറപ്പിക്കാറുണ്ടായിരുന്നുവെന്ന്‌ കേള്‍ക്കുമ്പോള്‍ എന്തോ വേദനിപ്പിക്കുന്ന ഒരു സാമ്യത തോന്നുന്നു. നമ്മെപ്പോലെ സോറി, നമ്മളായിരുന്നതുപോലത്തെ കുട്ടികള്‍ അവരുടെ കുട്ടിക്കാലത്ത്‌ ഇങ്ങനെ എത്രയെത്ര ക്രൂരതകള്‍ ചെയ്‌തിരിക്കാനിടയുണ്ട്‌. രസമുള്ള ക്രൂരതകള്‍. കുട്ടികള്‍ക്കെവിടെയും സാമ്യതകളാണുള്ളത്‌. ഇത്‌ ഇവിടെ ഞങ്ങളുടെ നാട്ടിലെ വന്‍ നഗരങ്ങളിലെ തെരുവോരങ്ങളില്‍ സിസേറിയനില്ലാതെ പിറന്നു വീഴുന്ന - ജനനസര്‍ട്ടിഫിക്കറ്റും വോട്ടവകാശവുമില്ലാത്ത, 'സ്‌കൂള്‍ ചലേഹം' എന്ന കൂറ്റന്‍ പരസ്യബോര്‍ഡിനരികിലിരുന്ന്‌ പിച്ചതെണ്ടുന്ന പൈതങ്ങള്‍ മുതല്‍, അങ്ങ്‌ നിങ്ങടെ പഴയ നാട്ടില്‍ ഉപരോധത്തിന്റെ പേരില്‍ വിളറി മരിച്ചുപോവുന്ന പൈതങ്ങള്‍ വരെ ഇങ്ങനെയൊക്കെയായിരിക്കും കുട്ടിക്കാലം കഴിച്ചിട്ടുണ്ടാവുക. അല്ല, കഴിക്കാന്‍ കൊതിച്ചിട്ടുണ്ടാവുക.ജോലി സ്ഥലത്തേക്കുള്ള യാത്രയ്‌ക്കിടയിലാണ്‌ നിങ്ങടെ മടക്കയാത്രയിലൂടെ ഞാന്‍ മനസ്സു വിടര്‍ത്തി സഞ്ചരിച്ചത്‌. കമിഴ്‌ത്തിവച്ച കിണ്ണത്തിന്റെ ആകൃതിയിലുള്ള കുന്ന്‌. കായ്‌കള്‍ നിറഞ്ഞ മാതളം. ഒരു മാതളം കൈയിലെടുത്ത്‌ സ്വയം നെറ്റിയില്‍ കുത്തിപ്പൊട്ടിച്ച്‌ 'സമാധാനമായില്ലേ?' എന്നു ചോദിച്ച്‌ കുന്നിറങ്ങിപ്പോയ നിന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍, ഹസ്സന്‍. പിന്നീടൊരിക്കലും കായ്‌ക്കാതിരുന്ന ആ മാതളത്തെക്കുറിച്ച്‌ ഹസ്സന്‍ നിനക്കെഴുതിയിരുന്നു. കാല്‍നൂറ്റാണ്ടിനുശേഷം കിതപ്പോടെ കുന്നുകയറി മുട്ടുകുത്തി നിന്ന്‌ പണ്ടു നിങ്ങള്‍ കൊത്തിവച്ച വാക്കുകള്‍ തപ്പിനോക്കിയപ്പോള്‍ നിനക്കെന്താണു തോന്നിയത്‌? അക്ഷരങ്ങള്‍ക്കിടയില്‍ വളര്‍ന്നിരിക്കുന്ന മരത്തൊലി എന്തിനാവോ, അടര്‍ത്തിക്കളഞ്ഞപ്പോള്‍ ബാക്കി അക്ഷരങ്ങള്‍ എന്റെ കണ്ണുനീരില്‍ കുളിച്ചുനിന്നു. അമീര്‍ ആഗാ, വസീര്‍ അക്‌ബര്‍ ഖാനില്‍ കമിഴ്‌ന്നു കിടന്ന ആസിഫിനെ നിനക്ക്‌ കൊന്നുകൂടായിരുന്നോ?
ഇവിടെ ഓര്‍മകളില്‍ ഇത്തരം മായാത്ത പാടുകളൊന്നും അവശേഷിക്കാനില്ല. ഉണ്ടെങ്കില്‍ത്തന്നെ എന്റെ പിതാവിന്റെ കൈയിന്റെയോ വടികളുടെയും പാടുകള്‍ മാത്രമായിരിക്കും. എന്റെ ജ്യേഷ്‌ഠന്റെ ശരീരത്തില്‍ പതിഞ്ഞ ബെല്‍റ്റിന്റെ, ഹോക്കിസ്‌റ്റിക്കിന്റെ, കൈയില്‍ കിട്ടുന്നവയുടെയൊക്കെ ചുവന്നു തുടുത്തു നില്‍ക്കുന്ന പാടുകള്‍. ഭയപ്പാടോടെ മേശക്കടിയിലും, വാതില്‍ക്കൊടിയിലും സ്വയം ഒളിപ്പിക്കാന്‍ കഴിയാതെ വേദനപ്പെട്ട ദിവസങ്ങള്‍. അത്രയേ ഓര്‍മകളിലെ മായാത്ത പാടുകളുള്ളൂ.നിന്റെ കുന്നുപോലെ, ഇവിടെ ക്വാര്‍ട്ടേഴ്‌സുകള്‍ക്കു നടുവിലായി വെള്ളസ്ഥാനമുണ്ടായിരുന്നു. വശങ്ങളിലൂടെ പോവുന്ന ഡ്രയിനേജുകളിലേക്കു വെള്ളം ഒലിച്ചുപോവാന്‍ ഗ്രൗണ്ട്‌ സിമന്റിട്ട്‌ അല്‍പ്പം പൊന്തിച്ചപ്പോള്‍ വെളുപ്പു നിറമായി കണ്ടതുകൊണ്ട്‌ തലമുറകളായി അതിനെ വെള്ളസ്ഥാനമെന്നു വിളിക്കും. അവിടെ `ജൂലി' കളിക്കുമായിരുന്നു. കളഞ്ഞു പോയ സൂചി തിരയാന്‍ പരിശ്രമിക്കുന്ന കളി. പിന്നെ, 'കോട്ട'. തോളില്‍ കൈയിട്ട്‌ രണ്ടുവശത്ത്‌ രണ്ടു ടീമുകള്‍ നിരന്നു നില്‍ക്കും. ഒരു ടീമില്‍ നിന്ന്‌ ഒരാള്‍ മറ്റേ കോട്ട പൊളിക്കാന്‍ വരും. രണ്ടാമത്തെ ടീമിലെ ഒരാള്‍ അവനെ തൊടാന്‍പരിശ്രമിക്കും. തൊട്ടാല്‍ അവന്‍ ഔട്ട്‌. പകരം തൊട്ട വ്യക്തി മറ്റേ ടീമിന്റെ കോട്ട പൊളിക്കാന്‍ ഒരുങ്ങുന്ന കളി. അമീര്‍ജാന്‍, നിങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ പട്ടം പറപ്പിക്കാന്‍ ഒത്തുകൂടുന്നതുപോലെയല്ല, ഇവിടെ. എന്നും വൈകിട്ട്‌ ഞങ്ങളൊക്കെ വെള്ളസ്ഥാനത്ത്‌ ഒരുമിക്കും. കുറച്ചു കൂടെ വലുതായിപ്പോള്‍ ക്വാര്‍ട്ടേഴ്‌സിലെ ഗ്രൗണ്ടില്‍ ഫുട്‌ബോളോ, ഹോക്കിയോ കളിക്കാന്‍ തുടങ്ങി. എനിക്കോര്‍മയുണ്ട്‌, പലരുമെന്നെ ഡിങ്കന്‍ എന്നു വിളിച്ച്‌ പ്രോത്സാഹിപ്പിച്ചത്‌. ചെറിയ കുട്ടിയായിരുന്നതുകൊണ്ട്‌ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി പറഞ്ഞ വെറുംവാക്കായിരുന്നോ എന്നറിയില്ല. ഏതു ടീമിലും ഗോളിയായിരുന്നു എന്റെ ഇനം. ഡൈവു ചെയ്‌ത്‌ ബോള്‍ പിടിക്കാനുള്ള ആവേശം. കോര്‍ക്കുബോളുകൊണ്ടുള്ള ഹോക്കി. ഇന്ന്‌ ഓര്‍ക്കുമ്പോള്‍ പേടി തോന്നുന്നു. കൈയില്‍ തട്ടിയാല്‍, കാലില്‍ അടികൊണ്ടാല്‍... അങ്ങനെ എത്രയോ പേടികളായിന്ന്‌.ഓണക്കാത്ത്‌ കുമ്മാട്ടി കളിക്കാന്‍ പോയതിന്റെ ഓര്‍മയുണ്ടിപ്പോഴും. ഓരോ വേഷം കെട്ടി പാട്ടുംപാടി വീടുകളില്‍ ചെല്ലും. പണം കിട്ടലാണ്‌ പ്രധാനപരിപാടി. ജ്യേഷ്‌ഠനും ഞാനും പിന്നെ ഷോജനും. ``തള്ളേ, തള്ളേ എങ്ങട്‌ പോണു; ഭരണിക്കാവില്‍ വിത്തിനു പോണൂ..." ചില്ലറത്തുട്ടു കൊണ്ട്‌ വാങ്ങിക്കഴിച്ച മിഠായിയുടെ മധുരം തീരുംമുമ്പെ ബാപ്പയുടെ അടി കിട്ടിയിരുന്നു. ആരോ വിവരം ബാപ്പയുടെ ചെവിയിലെത്തിച്ചതിന്റെ ഫലം. ഞാവല്‍ മരങ്ങള്‍ക്കിടയിലൂടെ അതിവേഗത്തില്‍ നടന്നെത്തുന്ന ബാപ്പ ഇപ്പോഴും മനസ്സിലുണ്ട്‌. പേടിയായിരുന്നു, സത്യത്തില്‍ അന്നും ഇന്നും. ഒരു നിമിഷം പോലും വെറുതെയിരിക്കാതെ അധ്വാനിക്കുന്നതിന്റെ പാടും തഴമ്പും വീണ ശരീരം. ആസ്‌തമരോഗിയായി വലഞ്ഞ കുട്ടിക്കാലത്ത്‌ (ഇപ്പോഴും മാറിയിട്ടില്ല) ഡോക്ടറെ കാണിക്കാന്‍ കോഴിക്കോട മെഡിക്കല്‍ കോളജ്‌ വഴി പോകുമ്പോള്‍ ഉമ്മ പറഞ്ഞു തരും, അതിന്റെ പണിക്കുവേണ്ടി ബാപ്പ കല്ലുകള്‍ ചുമന്നതിന്റെയും സിമന്റ്‌ കുഴച്ചതിന്റെയും കഥകള്‍. പട്ടിണിയുടെ ആദ്യകാലങ്ങളത്രെ.ബീഡി തെറുപ്പില്‍ നിന്നു കുടുംബത്തെപ്പോറ്റേണ്ടിവന്ന വല്യാപ്പ. ബീഡിക്ക്‌ കെട്ടിടാന്‍ കാത്തിരിക്കുന്ന ഉമ്മ, എളാമ്മ. പിന്നെ വലുതായപ്പോഴും നാട്ടില്‍ തറവാടിന്റെ കോലായിലിരുന്ന്‌ എളാപ്പ ബീഡി തെറുക്കാറുണ്ടായിരുന്നു. കെട്ടിടാന്‍ വേണ്ടി കാത്തിരിക്കുന്ന എളാമ. മുറുക്കിച്ചുവപ്പിച്ച വായയുള്ളവര്‍. ഉറക്കം തൂങ്ങുന്ന എളാമ്മയുടെ കണ്ണുകള്‍. വൈകുന്നേരം എളാപ്പ കടയിലേക്ക്‌ ബീഡിയും കൊണ്ടു പോവുന്നതുവരെ അവിടെ എളാപ്പയുടെ മക്കള്‍ ജയിലിലാണ്‌. വാപ്പ തൃശൂരില്‍ തന്നെ തുടരുന്നതുകൊണ്ട്‌ ഞാന്‍ സ്വതന്ത്രനായിരുന്നു. എളാപ്പ കടയിലേക്കുള്ള യാത്രയില്‍ ഇടവഴിയുടെ മൂല തിരിഞ്ഞാല്‍ കളി തുടങ്ങുകയായി, തിരികെ എളാപ്പയുടെ തലവെട്ടം കാണുന്നതുവരെ. വാപ്പയ്‌ക്ക്‌ സ്ഥലമാറ്റം കിട്ടി കോഴിക്കോട്‌ ജോലിക്ക്‌ വന്ന്‌ രാവിലെ പോകുമ്പോള്‍ ഞാന്‍ ശബ്ദം മയപ്പെടുത്തി ചോദിക്കാറുള്ളതായി ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്‌: ``ഇനി നിങ്ങളെപ്പോഴാ വര്വാ'' എന്ന ദയനീയ ചോദ്യം. വാപ്പ എപ്പോഴെത്തുമെന്നറിയാനുള്ള ഉല്‍ക്കണ്‌ഠയായായിരുന്നു ആ ചോദ്യം. അതുവരെ കളിക്കാലോ. ചിലപ്പോ വാപ്പയ്‌ക്ക്‌ ഈവനിങ്‌ ക്ലാസുണ്ടാവും. വൈകിയേ വരൂ. അന്ന്‌ ഉത്സവമായിരിക്കും. ഉമ്മയ്‌ക്ക്‌ സൈ്വര്യക്കേടും.
മണലാര്‍കാവ്‌ ക്ഷേത്രത്തിനടുത്ത സ്‌കൂളിലേക്ക്‌ മഴവെള്ളം ഒഴിഞ്ഞുപോവാനുള്ള മതിലിന്റെ വിടവിലൂടെ കുമ്പിട്ട്‌ നിരങ്ങിപ്പോയതിന്റെ ഓര്‍മകളുണ്ട്‌. പിന്നെ ക്ഷേത്രത്തിലെ കാവടി ഉത്സവവും. എഴുത്തച്ഛന്‍ സമാജവും ജയില്‍ ടീമും വിയ്യൂര്‍ പാലം ടീമും പാടുക്കാട്‌ ടീമും ചേര്‍ന്നൊരുക്കുന്ന കാവടിയുത്സവം. നിലക്കാവടിയും പീലിക്കാവടിയും കൂടിച്ചേരുന്ന ശബ്ദവര്‍ണപ്രപഞ്ചം. വാപ്പയ്‌ക്ക്‌ പ്രമോഷനായി ക്വാര്‍ട്ടേഴ്‌സുകളില്‍ ഉന്നതമായ 'പാലസി'ലേക്കു സ്ഥലംമാറ്റം കിട്ടിയപ്പോള്‍, അതിന്റെ മുന്നില്‍ നിന്നാല്‍ കാണാമായിരുന്നു ഉത്സവം. ആളുകള്‍ കോലോത്തെന്നു വിളിക്കുന്ന പാലസിന്റെ മുറിക്കടുത്തുള്ള കുളത്തിലായിരുന്നു അമ്പലത്തില്‍കൊണ്ടുവരുന്ന ആനകളെ കുളിപ്പിക്കുക. പാലസിന്റെ അറ്റത്തുള്ള ആ മുറിക്കപ്പുറത്ത്‌ ഒരു പാലയുണ്ടായിരുന്നു. മുമ്പെന്നോ താമസിച്ചവരുടെ ആരോ ആ മുറിയില്‍ തൂങ്ങി മരിച്ചുവെന്ന വിശ്വാസം കാരണം, ആ മുറി കാലങ്ങളായി അടഞ്ഞുതന്നെ കിടപ്പായിരുന്നു. പക്ഷേ ജേഷ്‌ഠന്‍ ആ മുറിതന്നെ തിരഞ്ഞെടുത്തു. അവനു പണ്ടേ ഇത്തരം ജല്‌പനങ്ങള്‍ക്കെതിരേ റിസ്‌കെടുക്കാന്‍ താല്‍പ്പര്യമായിരുന്നു, ശരിക്കും പറഞ്ഞാല്‍ ഒഴുക്കിനെതിരേ നീന്താന്‍.പക്ഷേ, സന്‍ഹോഡേ ഫ്‌ളീമാര്‍ക്കറ്റിലെ ഗരേജ്‌ ഡെയ്‌ലില്‍ വച്ച്‌ നീ സൊറയ്യ ടഹേരിയെ കണ്ട ദിവസം. കറുത്തിരുന്ന പുരികങ്ങള്‍, അവ നെറ്റിയില്‍ കൂട്ടിമുട്ടി പറക്കാനായുന്ന പക്ഷിയുടെ ചിറകുകണക്കെ, അറ്റം ലേശം വളഞ്ഞ മൂക്ക്‌, കണങ്കാലിലെ പാദസരങ്ങള്‍, അരിവാളിന്റെ ആകൃതിയിലുള്ള കവിളത്തെ മറുക്‌. അമീര്‍ ആഗാ, ഞാന്‍ കുറെ ഓര്‍ത്തുനോക്കി. ക്വാര്‍ട്ടേഴ്‌സില്‍ നിന്നു ഞാവല്‍മരങ്ങള്‍ക്കിടയിലൂടെ ശനിയും ഞായറും പോയിരുന്ന ഓത്തുപള്ളിയിലെ ഒമ്പതു പെണ്‍കുട്ടികള്‍. തെളിവാര്‍ന്നതൊന്നും അവിടെയില്ല. അവിടത്തെ ഓര്‍മയില്‍ ഒരു ഉസ്‌താദ്‌ മാത്രം. കൈത്തണ്ടയില്‍ അമ്പതു പൈസ വച്ച്‌ കൈവെള്ളയിലെത്തിക്കുന്ന, ചോക്കിനെ ശൂന്യാകാശത്തെത്തിക്കുന്ന ഉസ്‌താദ്‌. ശൂന്യാകാശത്തേക്കെത്തിക്കുന്നതെങ്ങനെയെന്ന്‌ കാണിച്ചുതരാമെന്നു പറഞ്ഞ്‌ നാട്ടില്‍പ്പോയ ഉസ്‌താദ്‌ പിന്നീട്‌ തിരിച്ചുവന്നില്ല. പിന്നീട്‌ ജ്യേഷ്‌ഠന്‍ പറഞ്ഞാണറിഞ്ഞത്‌, ഏഷ്യാഡിന്‌ കേരളത്തില്‍ നിന്ന്‌ ആനയെ കൊണ്ടുപോകുന്നത്‌ തടഞ്ഞതുമായി ബന്ധപ്പെട്ട്‌ പ്രതിയായിരുന്നു അയാളെന്ന്‌. കേസുണ്ടെന്നും പറഞ്ഞ്‌ പോയതായിരുന്നു., പിന്നെ വന്നിട്ടില്ല. വെറും നാലാഴ്‌ചത്തെ പരിചയം, പക്ഷേ, ശൂന്യാകാശത്തേക്കു പോയ ചോക്കുകഷണം ഇപ്പോഴും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. പിന്നെ, സൊരയ്യ ഹേരിയുടെ കറുത്ത കണ്ണുകള്‍? ഇല്ല പാലസില്‍ താമസിക്കുന്നതിന്റെ നേരെ എതിര്‍ഭാഗത്ത്‌ എഞ്ചിനീയറിങ്‌ കോളജിന്റെ ലേഡീസ്‌ ഹോസ്‌റ്റലായിരുന്നു. എനിക്കന്നു 10 വയസ്സ്‌. പിന്നെ? സ്ഥലംമാറി വന്ന്‌ കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ്‌ ഹൈസ്‌കൂളില്‍, സെന്റ്‌ ജോസഫ്‌ കോളേജ്‌ ദേവഗിരി, ഗവ. ലോകോളജ്‌ കോഴിക്കോട്‌. ഇല്ല, എവിടെയും- അരിവാളിന്റെ ആകൃതിയുള്ള കവിളത്തെ മറുക്‌. പക്ഷേ, ഇടയിലെവിടെയൊക്കെയോ അങ്ങനെയാരോ വരുകയുണ്ടായോ? പറയുന്നത്‌ എന്റെ ജീവിതത്തെ ബാധിച്ചേക്കുമോ എന്ന ഭയപ്പാടുകൊണ്ടാണ്‌, അമീര്‍ജാന്‍ ക്ഷമിക്കുക, ഞാന്‍ പറയുന്നില്ല. പക്ഷേ, എം.എ.യുടെ ഡിസ്റ്റന്‍സ്‌ എജ്യുക്കേഷന്‍ ക്ലാസില്‍ നിന്ന്‌ വാങ്ങിവച്ച അഡ്രസ്സുകളിലൊന്ന്‌ ജീവിതത്തിലേക്കു കടന്നുവന്നു. അതിനിടയില്‍ അവളുടേതിന്‌ സാമ്യമായ പേര്‌ എന്റെ തൊണ്ടയിലും ആത്മാവിലും മുമ്പേ തന്നെ ഉടക്കി നിന്നിരുന്നു. ഇപ്പോഴുമുണ്ടോ? അറിയില്ല. എളാമയുടെ മകള്‍ ഫൗസിയ കൊണ്ടുവന്നുതന്ന ഓട്ടോഗ്രാഫ്‌. അന്ന്‌ ലോ കോളേജിലെ ഒന്നാം വര്‍ഷം. '`ഇതു നീ തന്നെ എഴുതിത്തുടങ്ങണമത്രെ.'' കോളേജില്‍ പോവുമ്പോള്‍ അവള്‍ സ്‌കൂളിലേക്കു വരുന്നുണ്ടാവും. സത്യമാണ്‌, ഇന്നുവരെ ഒരു വാക്കും പരസ്‌പരം മിണ്ടിയിട്ടില്ല. അമീര്‍ജാന്‍, അതങ്ങിനെയാണ്‌. വിവാഹം തീര്‍ച്ചപ്പെടുത്തിയപ്പോള്‍ സൊറയ്യ നിന്നെ വിളിച്ച്‌ എന്തൊക്കെയോ പറഞ്ഞപ്പോഴും നിനക്ക്‌ മുന്നോട്ടുതന്നെ ചലിക്കാനായില്ലേ. അതുപോലെ. പക്ഷേ, കൊതിച്ചതു കൈക്കലാക്കുന്നതിനിടയിലെ ഒരു രാത്രിമാത്രം വേദനയിലും കണ്ണീരിലും കുളിച്ചു കിടപ്പുണ്ട്‌. തന്റെ രക്ഷകരെന്നു സ്വയം കരുതിയവര്‍ തനിക്കെതിരേ നില്‍ക്കുന്നതു കണ്ടപ്പോഴുണ്ടായ ദേഷ്യം, വേദന, നാണക്കേട്‌. നിന്റെ ബാബയെപ്പോലെ, എന്റെ വാപ്പയും. വാപ്പയെ മനസ്സാ സ്‌നേഹിച്ചുപോയ നിമിഷങ്ങള്‍. അവരുടെ അഭിപ്രായങ്ങള്‍ക്കു പുറം തിരിഞ്ഞുനിന്നു `'നീ അവരോട്‌ അന്വേഷിക്കാന്‍ പറയ്‌'' എന്നു ജ്യേഷ്‌ഠനോട്‌ പറയുന്നത്‌ കേട്ട നിമിഷം. പക്ഷേ, അതിനിടയിലൊന്നും ഒരു യെല്‍ഡയുണ്ടായിരുന്നില്ല. ജാഡിയയിലെ യെല്‍ഡയില്‍ ഉറക്കമൊഴിച്ച്‌, നക്ഷത്രങ്ങള്‍ കണ്ണു മിഴിക്കാത്ത രാത്രി. കാമുകീകാമുകന്‍മാര്‍ മനസ്സു നീറിനീറി ഉറങ്ങാതെ കഴിച്ചുകൂട്ടുന്ന ആ നീണ്ട രാത്രി - എനിക്കൊരിക്കലും ഉണ്ടായില്ല. ബാബയുടെ മരണദിനത്തില്‍ സൊറയ്യ നിന്നെ അവളുടെ മാറോടു ചേര്‍ത്തു പിടിച്ചത്‌, അത്ര നേരവും ഉള്ളില്‍ ഒതുക്കിപ്പിടിച്ച കരച്ചില്‍, ഒന്നായി ചിറ പൊട്ടിയൊഴുകിയത്‌. നീ തീര്‍ച്ചയായും ഭാഗ്യവാനാണ്‌.
കാല്‍നൂറ്റാണ്ടിനു ശേഷം നിന്നെ ജന്മനാട്ടിലേക്കു കൊണ്ടുവരവെ ഫരീദ്‌ പറഞ്ഞത്‌ എത്രയോ സത്യമാണ്‌ അമീര്‍ജാന്‍. പക്ഷേ, നിന്റെ നീണ്ട വിവരങ്ങള്‍ക്കിടയില്‍ നീ അതേപ്പറ്റി മാത്രം എത്ര നിശ്ശബ്ദനാണ്‌! വഴിയരികിലൂടെ കീറിപ്പറിഞ്ഞ വേഷവും തളര്‍ന്ന മുഖവുമായി ഒരു ചാക്കുനിറയെ ഉണക്കപ്പുല്ലും തലയിലേറ്റി വരുന്ന വൃദ്ധനു നേരെ വിരല്‍ചൂണ്ടി ഫരീദ്‌ പറഞ്ഞത്‌, അവനു പരിചയമുള്ള നിന്റെ നാട്ടുകാര്‍ എന്നും അങ്ങനെയുള്ളവരായിരുന്നെന്ന്‌. നിങ്ങള്‍, നിങ്ങളെന്നും നിങ്ങളുടെ നാട്ടില്‍ ഒരു ടൂറിസ്റ്റ്‌ തന്നെയായിരുന്നു. ഇതുവരെ ആ സത്യം മനസ്സിലാക്കിയില്ലെന്നു മാത്രം. ശരിയാണെന്നുതന്നെയാണ്‌ തോന്നുന്നത്‌ അമീര്‍ജാന്‍. ഇസ്‌താനില്‍ നിന്നു പ്രത്യേകമായി തിരഞ്ഞെടുത്തുകൊണ്ടുവന്ന ഇഷ്ടികകള്‍ വിരിച്ച തറ, കല്‍ക്കത്തയില്‍ നിന്നു നേരിട്ടെത്തിച്ച കര്‍ട്ടനുകള്‍, മച്ചില്‍ നിന്നു തൂങ്ങിക്കിടക്കുന്ന കവരവിളക്കുകള്‍. നടപ്പാതയുടെ ഇരുവശത്തും നിറയെ റോസാച്ചെടികള്‍.. അമീര്‍ജാന്‍, താങ്കള്‍ അവിടെയെന്നും ടൂറിസ്‌റ്റായിരുന്നു. പറമ്പിന്റെ തെക്കേ മതിലിനരികത്തെ ലോക്കത്ത്‌ മരത്തിനടുത്ത കൊച്ചു മണ്‍പുരയിലെ നിന്റെ ഹസ്സനെപ്പോലും നീയറിഞ്ഞിട്ടില്ല, ഞങ്ങളറിഞ്ഞയത്ര പോലും.എന്നാലും `ഒരായിരം തവണ'യെന്നു പറയാന്‍ ഒരു ഹസ്സന്‍ എന്റെ ഓര്‍മയുടെ പെരുവഴിയിലെവിടെയുമില്ല. കുത്തിയൊലിക്കുന്ന ഓര്‍മകളെന്നൊക്കെ എവിടെയൊ വായിച്ചു മറന്നതുമാത്രം. മഴയെക്കുറിച്ചു പറയവേ അനുപമ പറഞ്ഞു, കുട്ടിക്കാലം മുഴുവന്‍ മനസ്സില്‍ തെളിവെള്ളം പോലെയുണ്ടെന്ന്‌. വാഴനാരുകൊണ്ടു കെട്ടിയ താലി, കുട്ടിയായി തൊട്ടിലിലാട്ടിയ ഇഷ്ടികക്കഷ്‌ണം, വാഴത്തണ്ടുകള്‍ കെട്ടഴിഞ്ഞ്‌ ചങ്ങാടം വേര്‍പ്പിരിഞ്ഞു പോയി, പായലില്‍ സ്വയം അകപ്പെട്ടത്‌, കൂടെയിരിക്കുന്ന പ്രവീണയുമായി പിണങ്ങുമ്പോള്‍ അവള്‍ക്കു കൊടുത്ത പുളിങ്കുരുവും അച്ചാറും തിരിച്ചു ചോദിച്ചത്‌.പക്ഷേ, എന്റെ മാത്രം ഓര്‍മകള്‍? മറന്നുപോവലാവും ഭംഗി. അല്ലേ അമീര്‍ജാന്‍, പക്ഷേ, നീ പറഞ്ഞപോലെ.'ചന്ദ്രാ മെല്ലെമെല്ലെ പോകൂ..പ്രഭാതത്തിന്റെ താക്കോല്‍ഏതെങ്കിലും കിണറ്റിലേക്കു വലിച്ചെറിയൂ.സൂര്യന്‍ കിഴക്കുദിക്കാന്‍മറന്നു പോകട്ടെ, അഴകുള്ള ചന്ദ്രാമെല്ലെ, മെല്ലെ പോകൂ' എന്നു പറയാന്‍ രാത്രികളുണ്ടായിരുന്നോ? ഓര്‍മയില്ല. നന്ദിയുണ്ട്‌, കുട്ടിക്കാലം ഇത്രമാത്രം ഭംഗിയാര്‍ന്നതെന്ന്‌ ഓര്‍മിപ്പിച്ചതിന്‌; മഞ്ഞുകാലത്തിന്റെ പുലര്‍ച്ചയില്‍ പുല്‍ത്തുമ്പിലെ മഞ്ഞുതുള്ളിയെടുത്ത്‌ വളരെ സൂക്ഷ്‌മതയോടെ കൂട്ടുകാരിയുടെ കണ്ണില്‍ ഇറ്റിച്ചു തരുന്നതിന്റെ കുളിര്‍മയാര്‍ന്ന നന്ദി.

(ഖാലിദ്‌ ഹുസൈനിയുടെ 'പട്ടം പറത്തുന്നവര്‍' വായിച്ചിരിക്കുമല്ലോ? )